കുവൈറ്റിലെ വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാര്‍ ചികിത്സയില്‍, കൂടുതലും മലയാളികള്‍

കുവൈറ്റിലെ വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാര്‍ ചികിത്സയില്‍, കൂടുതലും മലയാളികള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ മലയാളികള്‍ ആണെന്നാണ് സൂചന. മരണങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ള ചിലര്‍ ഗുരുതരാവസ്ഥയിലാണzന്നും മറ്റ് ചിലര്‍ അപകടനില തരണം ചെയ്തതായും എംബസി അറിയിച്ചു. മികച്ച വൈദ്യപരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് എംബസി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ +965 6550158 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വാട്ആപ്പിലോ നേരിട്ടോ ബന്ധപ്പെടാം.
പ്രാദേശികമായി നിര്‍മിച്ച മദ്യം വാങ്ങി കഴിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസികളായ തൊഴിലാളികള്‍ ഗുരുതരാവസ്ഥയിലായത്. ഒരേ സ്ഥലത്ത് നിന്നും മദ്യം വാങ്ങി വിവിധ സ്ഥലങ്ങളില്‍വച്ച് കഴിച്ചവരാണ് അപകടത്തില്‍പെട്ടത്. വിവിധ രാജ്യക്കാരായ 63 പേര്‍ക്കാണ് അദാന്‍, ഫര്‍വാനിയ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കിയതെന്നാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം.

31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തര ഡയാലിസിസ് പൂര്‍ത്തിയാക്കി. ഇതില്‍ 21 പേര്‍ക്ക് സ്ഥിരമായും ഭാഗീകമായും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. ആന്ധ്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ച ഇന്ത്യക്കാരിലുണ്ട്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.