അബുദാബി: ഓണാഘോഷത്തിന് പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ഏകദേശം 200 ദിര്‍ഹത്തിന്റെ (4750 രൂപയുടെ) ടിക്കറ്റുമായി സ്പെഷ്യല്‍ ഫ്‌ളൈറ്റ്. 40 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജും ഉള്‍പ്പെടുന്ന ടിക്കറ്റാണ് ഈ തുകയ്ക്ക് ലഭിക്കുന്നത്.
ഫുജൈറയില്‍ നിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് 20 മുതല്‍ സെപ്തംബര്‍ എട്ട് വരെയാണ് അല്‍ഹിന്ദ് ട്രാവല്‍സ് ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യേക വിമാന സര്‍വീസ്.
വിമാനയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ നിന്ന് ഫുജൈറയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് അരുണ്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
സെപ്റ്റംബര്‍ എട്ടിനകം കുറഞ്ഞ നിരക്കില്‍ യുഎഇയില്‍ എത്താനും സൗകര്യമൊരുക്കുന്നുണ്ട്. 999 ദിര്‍ഹത്തിനാണ് (23,792 രൂപ) ടിക്കറ്റ് ലഭ്യമാകുക. യുഎഇയില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ കൂട്ടിയിരിക്കുകയാണ് വിമാനക്കമ്പനികള്‍. നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് 30 കിലോ ബാഗേജാണ് അനുവദിക്കുക.