വിലങ്ങാട് ദുരന്ത ബാധിതര്‍ക്ക് ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നല്‍കും; ബാങ്ക് വായ്പകള്‍ക്കുള്ള മൊറോട്ടോറിയം 2026 മാര്‍ച്ച് വരെ തുടരും

വിലങ്ങാട് ദുരന്ത ബാധിതര്‍ക്ക് ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നല്‍കും; ബാങ്ക്  വായ്പകള്‍ക്കുള്ള മൊറോട്ടോറിയം 2026 മാര്‍ച്ച് വരെ തുടരും

തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പോട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വയനാട് ചൂരല്‍മലയില്‍ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നല്‍കിയതായി റവന്യൂ മന്ത്രി കെ. രാജന്‍.

നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികള്‍ പരിശോധിച്ച് അര്‍ഹരാവര്‍ക്ക് കൂടി ഉപജീവന നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

വാസയോഗ്യമായ പ്രദേശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ് സ്ലൈഡെഡ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയില്‍ പരിശോധന നടത്തും. ദുരന്തത്തില്‍ തകര്‍ന്ന റോഡ്, പാലങ്ങള്‍ എന്നിവക്കുള്ള നിര്‍ദേശങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടന്‍ ലഭ്യമാക്കും.

ഉരുള്‍പ്പെട്ടലില്‍ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. തുക ലഭ്യമായി മൂന്ന് മാസം കൂടി ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സമാനമായി ഇവിടെയും 6,000 രൂപ വീതം വീടിനുള്ള വാടകയും ഉറപ്പു വരുത്തും. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഇതിനകം 9,20,470 രൂപ വിതരണം ചെയ്തിട്ടുണ്ട്.

വിലങ്ങാട് ദുരന്ത മേഖലയിലെ ബാങ്ക് വായ്പകള്‍ക്കുള്ള മൊറോട്ടോറിയം 2026 മാര്‍ച്ച് വരെ തുടരും. ഇതു സംബന്ധിച്ച് ഇടക്കാലത്തുണ്ടായ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയതായി ജില്ല കലക്ടര്‍ അറിയിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.