'രാജി ആവശ്യപ്പെട്ടിട്ടല്ല, ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍'; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

 'രാജി ആവശ്യപ്പെട്ടിട്ടല്ല, ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍'; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായും ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത് കൊണ്ടല്ല, ധാര്‍മികതയുടെ പേരിലാണ് രാജി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ വേണ്ടിയാണ് തന്റെ രാജി. തന്നെ ന്യായികരിക്കേണ്ട ബാധ്യതയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള സമയം അല്ല ഉള്ളത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ജവത്തോട് കൂടി ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിക്കും. അതില്‍ താനും പങ്കാളിയാകും. സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് താന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

'യുവ നടി എന്റെ സുഹൃത്ത്. യുവനടി എന്നെ കുറിച്ചാണ് പറഞ്ഞത് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. വിശ്വസിക്കുന്നുമില്ല. എന്റെ പേര് പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. മാധ്യമങ്ങളാണ് എന്റെ പേര് നല്‍കിയത്. നിയമ സംവിധാനത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി എന്റെ ഭാഗത്ത് നിന്ന് ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ല. നിയമവിരുദ്ധമായി ഞാന്‍ എന്തെങ്കിലും ചെയ്തതായി ആരും പരാതിയും നല്‍കിയിട്ടില്ല. നീതിന്യായ സംവിധാനങ്ങളില്‍ ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് ഓഡിയോ ക്ലിപ്പ് സാധ്യമല്ലാത്ത കാര്യമല്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ ഞാന്‍ നിര്‍ബന്ധിച്ചു എന്ന പരാതി വന്നിട്ടുണ്ടോ? ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്ന പരാതി ഏതെങ്കിലും വ്യക്തി പറഞ്ഞിട്ടുണ്ടോ? ആരും പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുമ്പോള്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ പോരാടും'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.