തിരുവനന്തപുരം: ആരോപണങ്ങള്‍ പുറത്തു വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഷാഫി പറമ്പില്‍ എംപിക്കെതിരെയും പാര്‍ട്ടിയില്‍ പടയൊരുക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയാണ് എന്നാണ് പ്രധാന ആക്ഷേപം.
പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
അതേ സമയം വിഷയത്തില്‍ ഷാഫി പറമ്പില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാതെ മാധ്യമങ്ങളെ ഒഴിവാക്കി ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ തുടരുകയാണ് ഷാഫി പറമ്പില്‍. ഫ്‌ളാറ്റിനു മുന്നില്‍ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബിഹാറിലേക്ക് പോതായാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനെന്നാണ് വിശദീകരണം.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മര്‍ദിച്ചെന്നും ആരോപണമുണ്ട്.
ഓഫീസ് ബോര്‍ഡ് മറിച്ചിട്ട പ്രതിഷേധക്കാര്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാന്‍ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.