തിരുവനന്തപുരം: ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഭൂപതിവ് ചട്ടം ഇടുക്കിക്ക് മാത്രമല്ല മറ്റ് ജില്ലകള്‍ക്കാകെ ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ വകുപ്പിന്റെ 'വിഷന്‍ ആന്റ് മിഷന്‍ 2021-26' ന്റെ അഞ്ചാമത് യോഗത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലെ ജില്ലാ റവന്യൂ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആറര പതിറ്റാണ്ടുകാലത്തെ മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. 2023 സെപ്റ്റംബര്‍ 14 ന് നിയമസഭ ഏകകണ്ഠമായാണ് ഭൂനിയമ ഭേദഗതി ബില്‍ പാസാക്കിയത്. ഗവര്‍ണര്‍ ഒപ്പുവയ്ക്കുവാന്‍ ആറ് മാസത്തെ താമസം ഉണ്ടായി.
ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുന്നതാണ് ചട്ടത്തിന്റെ ഉള്ളടക്കം. സെപ്റ്റംബര്‍ മാസത്തിലേക്ക് കടക്കാതെ തന്നെ ചട്ടം പുറത്തിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.