'ലോകത്തിലെ ഏറ്റവും സൗമ്യനായ ജഡ്ജ്'; ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

'ലോകത്തിലെ ഏറ്റവും സൗമ്യനായ ജഡ്ജ്'; ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിങ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേടിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു. പാൻക്രിയാറ്റിക് ക്യാൻസറുമായുള്ള ദീർഘ നാളത്തെ പോരാട്ടത്തിനൊടുവിലാണ് അദേഹം വിടപറഞ്ഞത്. കോടതിക്ക് അകത്തും പുറത്തും മനുഷ്യ സ്നേഹം നിറഞ്ഞ സമീപനം സ്വീകരിച്ചും ആളുകൾക്ക് സാന്ത്വനമേകിയും ലക്ഷങ്ങളുടെ മനം കവർന്ന ഫ്രാങ്ക് കാപ്രിയോ സോഷ്യൽ മീഡിയയിൽ അടക്കം സജീവമായിരുന്നു.

മരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ‘ഞാൻ വീണ്ടും ആശുപതിയിലായെന്നും, കഴിഞ്ഞ തവണ ചെയ്ത പോലെ നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഉൾപ്പെടുത്തണമെന്ന് വീണ്ടും ഞാൻ ആവശ്യപ്പെടുകയാണ്’ എന്നും പറയുന്ന ഒരു വീഡിയോ സന്ദേശം അദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

1936 ൽ ഇറ്റാലിയന്‍ അമേരിക്കന്‍ കുടുംബത്തിലാണ് ഫ്രാങ്ക് കാപ്രിയോ ജനിച്ചത്. റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായും റോഡ് ഐലൻഡ് ബോർഡ് ഓഫ് ഗവർണേഴ്സ് ഫോർ ഹയർ എജ്യൂക്കേഷന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് കാപ്രിയോ ആഗോള പ്രസിദ്ധി നേടുന്നത്.

കോടതിയിൽ എത്തുന്നവരോടുള്ള അനുകമ്പയും സഹാനുഭൂതിയും നിറഞ്ഞ സംസാരവും ആളുകൾക്ക് അറിയാനുള്ളത് വിശദമായി കേൾക്കാനുള്ള മനസും കാണിച്ചിരുന്നു. നർമം നിറഞ്ഞ സംഭാഷത്തിലൂടെ എല്ലാവരെയും കയ്യിലെടുത്ത ഫ്രാങ്ക് ‘അമേരിക്കയുടെ പ്രിയപ്പെട്ട ജഡ്ജി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ആളുകളുടെ ജീവിത സാഹചര്യങ്ങളെ കൂടി പരിഗണിച്ചാണ് പല കേസുകൾക്കും വിധി പറഞ്ഞിരുന്നത്. മാതാപിതാക്കളുടെ കാര്യത്തിൽ വിധി പറയാൻ കുട്ടികളെ ബെഞ്ചിലേക്ക് വിളിക്കുന്ന വീഡിയോകൾ പലപ്പോ‍ഴും വൈറലായിട്ടുണ്ട്. ‘കോട്ട് ഇൻ പ്രൊവിഡൻസിന്’ നിരവധി ഡേടൈം എമ്മി നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. 40 വർഷത്തോളം നീണ്ട ന്യായാധിപ ജീവിതം നയിച്ച കാപ്രിയോക്ക് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും സ്മരണാജ്ഞലികൾ ഒ‍ഴുകിയെത്തുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.