ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യൂണൈറ്റഡ്് (AMLEU) ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക സാമൂഹ്യസേവന പരിപാടിയായ 'ഇന്‍സ്പയര്‍ ദി നെക്സ്റ്റ് ജനറേഷന്‍' ശ്രദ്ധേയമായി.
സേവന മേഖലയിലെ അറിവുകളും അനുഭവങ്ങളും പങ്കു വെച്ച് നിയമ നിര്‍വഹണ രംഗത്തെ ഉദ്യോഗസ്ഥരും സാമൂഹ്യ നേതാക്കളും യുവ ജനങ്ങളും പരിപാടിയില്‍ ഒത്തു ചേര്‍ന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വേദി കൂടിയായി മലയാളി ലോ എന്‍ഫോഴ്സ്മെന്റ് നേതൃത്വം നല്‍കിയ പരിപാടി.
ഡാനിയല്‍ സോളമന്‍ (സര്‍ജന്റ്-അറ്റ്-ആംസ്) ദേശാഭിമാന സത്യപ്രതിജ്ഞ ചൊല്ലി ചടങ്ങുകള്‍ക്കു്തുടക്കം കുറിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ഒരു നിമിഷം മൗനാഞ്ജലി നടത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്.
ന്യൂയോര്‍ക്ക് സംസ്ഥാന ഗവര്‍ണര്‍ കാത്തി ഹോക്കിളിന്റെ ഓഫിസിലെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡ് അഫയേഴ്സ് ഡയറക്ടര്‍ സിബു നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ലോ എന്‍ഫോഴ്സ്മെന്റ് നേതൃത്വം കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദേഹം എടുത്തുകാട്ടി.

ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ്, മേരിലാന്‍ഡ്, ടക്കോമ പാര്‍ക് ഡെപ്യൂട്ടി ചീഫ്, ഇന്‍സ്‌പെക്ടര്‍ ഷിബു മധു (എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡിറ്റക്റ്റീവ് ബ്യുറോ ബ്രൂക്‌ളിന്‍ സൗത്ത്, NYPD), ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ലിജു തോട്ടം (എക്‌സിക്യൂട്ടീവ് ഓഫീസര്‍, പട്രോള്‍ ബറോ ബ്രോങ്ക്‌സ്, NYPD), ക്യാപ്റ്റന്‍ പ്രതിമ ഭജന്ദാസ് മാല്‍ഡൊനാഡോ (കമാന്‍ഡിങ് ഓഫീസര്‍, 103-ാം പ്രിസിങ്ക്, NYPD) തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് പാനല്‍ ചര്‍ച്ചകള്‍ നടന്നു. ഓരോ പാനലിസ്റ്റും തന്റെ വ്യക്തിപരമായ യാത്രകളും ഒദ്യോഗിക സേവനത്തില്‍ നേരിട്ട വെല്ലുവിളികളും പഠിച്ച അനുഭവങ്ങളും പങ്കുവെച്ചു. പുതു തലമുറയെ നിയമ നിര്‍മ്മാണം നടപ്പാക്കുന്നതിന് പ്രചോദിപ്പിക്കുന്നതിനും അവര്‍ക്ക് നേതൃപാടവമൊരുക്കി മുഖ്യധാരയിലേക്കു ആനയിക്കുന്നതിനും ഉതകുന്നതായിരുന്നു ഈ വേദി.
AMLEU പ്രസിഡന്റായ ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം സംഘടനയുടെ ഭാവി പരിപാടികള്‍ പങ്കു വെച്ചു. ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (AMLEU സെക്രട്ടറി, NY-NJ പോര്‍ട്ട് അതോറിറ്റി പൊലിസ് ഡിപ്പാര്‍ട്ട്മെന്റ്) നന്ദി പറഞ്ഞു. ലിസ് ഫിലിപ്പോസ് പരിപാടിയുടെഎംസിയായി.