കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില കൂടി അതീവ ഗുരുതരമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പല്‍ ഡോ. സജീത് കുമാർ. പത്ത് പേരാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളാണിവർ. ഇതിൽ ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരിൽ ഒരാൾക്ക് കരൾ സംബസമായ അസുഖവുമുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ മരിച്ച രണ്ട് പേരിൽ മലപ്പുറം സ്വദേശിക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ ശേഷി കുറവായിരുന്നു. ഈ രണ്ട് പേരുടേയും തലച്ചോറിൽ പ്രവേശിച്ചത് നെയ്ഗ്ലേറിയ വിഭാഗത്തിൽ പെട്ട അമീബ ആണ്. തലച്ചോറിനെ കാർന്നു തിന്നുന്ന 'ബ്രെയിൻ ഈറ്റിങ്' അമീബയാണിത്. മലിന ജലത്തിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇത് പിടിപെടാതിരിക്കാൻ വലിയ ജാഗ്രത അത്യാവശ്യമാണെന്നും ഡോ. സജീത് കുമാർ പറഞ്ഞു.
മറ്റ് അസുഖ ബാധിതരിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെടുമ്പോഴാണ് സ്ഥിതിഗതികൾ വഷളാകുന്നത്. ഏറ്റവും ആധുനികമായ ചികിത്സയാണ് നൽകുന്നത്. വിദേശത്ത് നിന്ന് എത്തിച്ച മരുന്നുകളും നൽകുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അമീബിക് ജ്വരം ബാധിച്ചവരിൽ മരുന്ന് ഫലപ്രദമാകുന്നുണ്ട്. ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിൽ അമീബിക് ജ്വരം പിടിപെടുമ്പോഴാണ് എല്ലാം താളം തെറ്റുന്നത്.