ടെക്സാസ് / കൊപ്പേല്‍ : വിശുദ്ധ അല്‍ഫോസാമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1947 ല്‍ സ്ഥാപിതമായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ മൂന്നാം രൂപതാതല സമ്മേളനം ഒക്ടോബര്‍ നാലിന് നടക്കും.
കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയരായി ചുക്കാന്‍ പിടിക്കുന്നത്. അന്നേദിവസം ഇടവകയില്‍ നടക്കുന്ന വിപുലവുമായ പരിപാടിയില്‍ ടെക്സാസ് ഒക്‌ലഹോമ റീജണിലെ ഇടവകയിലെ അറുനൂറോളം ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും.

രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് പരിപാടിയില്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാര്‍ച്ച് പാസ്റ്റും മറ്റ് വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാതല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സെന്റ്. അല്‍ഫോന്‍സാ അനിമേറ്റര്‍ റോസ്‌മേരി ആലപ്പാട്ട്, ആന്‍ ടോമി (സൗത്ത് വെസ്റ്റ് സോണ്‍ എക്സിക്യൂട്ടീവ് അംഗം) എന്നിവര്‍ അറിയിച്ചു.

സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നി മൂല്യങ്ങള്‍ മുന്‍ നിര്‍ത്തി കുട്ടികളുടെയും യുവജനങ്ങളുടെയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കുന്ന ഭാരത സഭയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായാണ് മിഷന്‍ ലീഗ്. ചിക്കാഗോ രൂപതയില്‍ 2022 ല്‍ തുടക്കം കുറിച്ച് അമേരിക്കയിലെ മറ്റ് ഇടവകകളിലും യൂണിറ്റ്തല പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.

രൂപതാ ചാന്‍സലര്‍ ഫാ. ഡോ. ജോര്‍ജ് ദാനവേലില്‍ (സി.എം.ല്‍ ഡയറക്ടര്‍), സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ. (ജോയിന്റ് ഡയറക്ടര്‍), സിജോയ് സിറിയാക് (പ്രസിഡന്റ്), ടിസണ്‍ തോമസ് (സെക്രട്ടറി), ആന്‍ ടോമി (സൗത്ത് വെസ്റ്റ് എക്സിക്യൂട്ടീവ്), റോസ്‌മേരി ആലപ്പാട്ട് (കൊപ്പേല്‍ അനിമേറ്റര്‍) എന്നിവര്‍ പരിപാടികള്‍ ഏകോപിക്കും.