ഇസ്ലമാബാദ്: ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. വര്‍ധിച്ച് വരുന്ന പ്രാദേശിക സംഘര്‍ഷത്തിനിടയിലും രാജ്യം പൂര്‍ണ ജാഗ്രതയിലാണെന്ന് അദേഹം പറഞ്ഞു. ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാക് മന്ത്രി.
'ഒരു സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യയെ വിശ്വസിക്കുകയോ അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാന്‍ തള്ളിക്കളയുന്നില്ല. ഞങ്ങള്‍ പൂര്‍ണമായും ജാഗ്രതയിലാണ്'- ഖവാജ ആസിഫ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ 88 മണിക്കൂറുള്ള ഒരു ട്രെയിലറായിരുന്നുവെന്ന ഇന്ത്യന്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഖവാജ ആസിഫിന്റെ പ്രതികരണം. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അയല്‍ രാജ്യത്തോട് ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് എങ്ങനെയാണെന്ന് പാകിസ്ഥാനെ പഠിപ്പിക്കാന്‍ കരസേന സജ്ജമാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു.
ഇക്കാലത്തെ യുദ്ധങ്ങള്‍ ബഹുതലത്തിലുള്ളതും ബഹുമുഖവുമാണ്. തുടങ്ങിയാല്‍ എത്ര കാലം നീളുമെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ട് തന്നെ ആവശ്യത്തിന് പടക്കോപ്പുകള്‍ കയ്യിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നായിരുന്നു ദ്വിവേദി പറഞ്ഞത്.