അബുദാബി: അബുദാബിയിലെ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സൗജന്യമായി സിം കാര്‍ഡ് ലഭ്യമാക്കാന്‍ എയര്‍പോര്‍ട്ടില്‍ സൗകര്യം ഒരുക്കിയതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രവാസികള്‍ക്ക് 10 ജിബി ഡാറ്റ അടങ്ങിയ സിം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ അബുദാബി വിമാനത്താവളവും ടെലികോം സേവന ദാതാക്കളായ ഈ ആന്‍ഡ് കമ്പനിയും തമ്മില്‍ ധാരണയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. ഡാറ്റ ഉപയോഗിക്കുന്നതിന് 24 മണിക്കൂര്‍ സമയമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് മാപ്പുകള്‍, ടാക്‌സി സേവനവുമായി ബന്ധപ്പെട്ട ആപ്പുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇതിലൂടെ യാത്രക്കാരന് സുരക്ഷിതമായി എയര്‍പോര്‍ട്ടിന് പുറത്തെത്താനും തുടര്‍ന്ന് ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
2025 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 23.9 ദശലക്ഷം യാത്രക്കാരാണ് അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. യാത്രക്കാര്‍ക്ക് മികച്ച യാത്ര അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.