തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് ആരോപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂരില്‍ സംഘര്‍ഷം. സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാര്‍ഡില്‍ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ചതായും ആരോപണമുണ്ട്.
വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തെന്നും ഇതിനകം നൂറില്‍പ്പരം കള്ളവോട്ട് നടന്നു കഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തവരും വഞ്ചിയൂരില്‍ താമസം ഇല്ലാത്തവരുമായ ട്രാന്‍സ്ജന്‍ഡേഴ്സിനെ വരെ ഇറക്കി വോട്ട് ചെയ്യിപ്പിച്ചതായും അദേഹം പറഞ്ഞു.
എന്നാല്‍ ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് വഞ്ചിയൂരിലെ സിപിഎം സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു.