കൊച്ചി: കടല്‍ കടന്നെത്തുന്ന മലയാളിക്ക് തിരുവോണനാളില്‍ നാടന്‍ രുചികളുടെ സമൃദ്ധിയൊരുക്കാന്‍ കേരള ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത വിപുലമായ സജ്ജീകരണങ്ങള്‍. യു.എ.ഇയിലെ പ്രവാസി മലയാളികള്‍ക്കായി രണ്ടരലക്ഷം പച്ച വാഴയിലകളും 95,000 കിലോഗ്രാം ഓണസദ്യ വിഭവങ്ങളുമായി പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്ത കൂറ്റന്‍ ചരക്ക് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്ക് യാത്രതിരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ കയറ്റുമതി സ്ഥാപനം ഓണസദ്യയുടെ വിഭവങ്ങള്‍ മാത്രം എത്തിക്കുന്നതിനായി സ്വന്തമായി ഒരു ചരക്ക് വിമാനം പൂര്‍ണമായി വാടകയ്ക്കെടുക്കുന്നത്.
കെ.എ.പി എക്‌സ്പോര്‍ട്ടേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ഇത്തിഹാദിന്റെ നാഷണല്‍ എയര്‍ കാര്‍ഗോ വിമാനത്തില്‍ ഈ മഹാദൗത്യം പൂര്‍ത്തിയാക്കിയത്.
ആഗോളതലത്തിലുണ്ടായ യുദ്ധ സാഹചര്യങ്ങള്‍ കാരണം ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാ വിമാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ഈ വേറിട്ട നീക്കത്തിന് വഴിതുറന്നത്. സാധാരണയായി യാത്രാ വിമാനങ്ങളുടെ അടിഭാഗത്തുള്ള കാര്‍ഗോ സ്‌പേസിലാണ് പച്ചക്കറികളും വാഴയിലകളും അയക്കാറുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു വിമാനത്തില്‍ പരമാവധി 1500 കിലോ ചരക്ക് മാത്രമേ കയറ്റാന്‍ കഴിയുമായിരുന്നുള്ളൂ. 95 ടണ്‍ വിഭവങ്ങള്‍ പ്രവാസികളിലേക്ക് എത്തിക്കണമെങ്കില്‍ എഴുപതോളം വിമാനങ്ങള്‍ വേണ്ടി വരുമെന്നതും യാത്രാവിമാനങ്ങളിലെ നിരക്ക് കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 200 രൂപയായി കുതിച്ചുയര്‍ന്നതും തിരിച്ചടിയായി. ഇതോടെയാണ് യാത്രാ വിമാനങ്ങളെ ആശ്രയിക്കാതെ ഒരു കൂറ്റന്‍ കാര്‍ഗോ വിമാനം തന്നെ ഒറ്റയടിക്ക് ചാര്‍ട്ടര്‍ ചെയ്യാന്‍ സ്ഥാപന ഉടമ സൂഫിയാന്‍ കാരി തീരുമാനിച്ചത്.
ചരക്ക് വിമാനങ്ങളില്‍ കിലോയ്ക്ക് 350 രൂപയോളം ചെലവുണ്ടെങ്കിലും യുദ്ധ പശ്ചാത്തലത്തില്‍ അബുദാബി സര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോയ്ക്ക് 200 രൂപയുടെ കാര്‍ഗോ സബ്സിഡി കയറ്റുമതിക്കാര്‍ക്ക് തുണയായി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള സാങ്കേതിക അനുമതി കോഴിക്കോട് വിമാനത്താവളത്തില്‍ ഇല്ലാത്തതിനാലാണ് വിഭവങ്ങള്‍ മുഴുവന്‍ കൊച്ചിയില്‍ എത്തിച്ച് അവിടെ നിന്ന് അബുദാബിയിലേക്ക് അയച്ചത്.
സദ്യവട്ടങ്ങള്‍ക്കായി വയനാട്, പാലക്കാട്, വാഴക്കുളം എന്നി കേരളീയ കേന്ദ്രങ്ങള്‍ക്ക് പുറമെ തമിഴ്നാട്ടിലെ തേനി, നാഗര്‍കോവില്‍, ഒട്ടന്‍ചത്രം, കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ശേഖരിച്ച ഉല്‍പന്നങ്ങള്‍ 14 വലിയ ട്രക്കുകളിലാണ് കൊച്ചിയിലെത്തിച്ചത്. മേട്ടുപ്പാളയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച രണ്ടരലക്ഷം പച്ച വാഴയിലകളും ഇതിലുണ്ട്.
മരുഭൂമിയിലെ പ്രവാസി മലയാളിക്ക് നാടിന്റെ തനിമ ചോരാതെ ഓണമൂണ്ണാനായി കേരളം ഒരുക്കിയ ഈ അപൂര്‍വ ആകാശസദ്യ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.