ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തേ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

കോടതി നിര്‍ദേശ പ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു പി.ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയോട് തലസ്ഥാനത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അദേഹം കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.

എന്നാല്‍ പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിരുന്നു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അങ്ങനെയെങ്കില്‍ അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.