സിഡ്‌നി: ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ആഴ്ച മുതൽ കടുത്ത ഉഷ്ണക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ വാരാന്ത്യത്തോടെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ചൂട് അടുത്ത ആഴ്ചയോടെ തെക്കൻ, മധ്യ, തെക്കു കിഴക്കൻ മേഖലകളിലേക്ക് വ്യാപിക്കും. വെതർസോണിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ചയോടെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ താപനില 40 ഡിഗ്രിക്ക് അടുത്തെത്തും.
ചൊവ്വാഴ്ചയോടെ സൗത്ത് ഓസ്‌ട്രേലിയയിലേക്കും മധ്യ ഓസ്‌ട്രേലിയയിലേക്കും ഉഷ്ണക്കാറ്റ് എത്തും. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നീ സംസ്ഥാനങ്ങളെയും ചൂട് കഠിനമായി ബാധിക്കും.
ബുധനാഴ്ച മുതൽ വെള്ളി വരെ താപനില 30 ഡിഗ്രി മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ള അഡലെയ്ഡിൽ താപനില 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഉഷ്ണക്കാറ്റ് കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ അഗ്നിശമന സേനയും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.