കൊച്ചി: സീറോ മലബാര്‍ സഭയുടെ മുപ്പത്തിനാലാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഭയുടെ അജപാലന ക്രമീകരണങ്ങളില്‍ സമീപകാലത്തുണ്ടായ വളര്‍ച്ച പ്രത്യേകിച്ച്, പന്ത്രണ്ട് രൂപതകളുടെ അതിര്‍ത്തികള്‍ പുനക്രമീകരിച്ചതും കേരളത്തിന് പുറത്ത് നാല് പുതിയ പ്രവിശ്യകള്‍ രൂപീകരിച്ചതും ഗള്‍ഫ് മേഖലയില്‍ അപ്പസ്‌തോലിക വിസിറ്റേഷന്‍ ലഭിച്ചതും അനുസ്മരിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ് സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങളോടുള്ള പ്രതികരണമെന്ന നിലയിലുള്ള ചരിത്രപരമായ നടപടികളായി വിലയിരുത്തി.
പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയും പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയം ഉള്‍പ്പെടെ വിവിധ വത്തിക്കാന്‍ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചതും അനുസ്മരിച്ച മാര്‍ റാഫേല്‍ തട്ടില്‍, സഭയുടെ പ്രേഷിത ആഭിമുഖ്യങ്ങളിലും പുരാതന പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും പരിശുദ്ധ സിംഹാസനത്തിനുള്ള സന്തോഷം പ്രകടിപ്പിച്ചതും സിനഡില്‍ വിവരിച്ചു.
ഒരു സഭയെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കേവലം ഭരണപരമല്ല, മറിച്ച് ആഴത്തില്‍ ആത്മീയ മാനമുള്ളവയാണെന്ന് തിരിച്ചറിയണമെന്ന് അദേഹം ഓര്‍മിപ്പിച്ചു. കുടുംബങ്ങളുടെയും യുവാക്കളുടെയും ആവശ്യങ്ങളോട് പ്രതികരിക്കാന്‍ സഭയ്ക്ക് കഴിയണം. ആധുനിക ലോകത്തിന്റെ പ്രലോഭനങ്ങളില്‍ പതറാതെ സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നത് നമ്മുടെ ദൗത്യമാണെന്ന് റാഫേല്‍ തട്ടില്‍ പറഞ്ഞു.
നമ്മുടെ ഇടവകകള്‍ വെറും സ്ഥാപനങ്ങളായി മാറരുത്. മറിച്ച്, അവ വിശ്വാസത്തിന്റെ സജീവമായ കൂട്ടായ്മകളാകണം. ഓരോ വിശ്വാസിക്കും തങ്ങള്‍ സഭയുടെ അവിഭാജ്യ ഘടകമാണെന്ന ബോധ്യം ഉണ്ടാകണം. ഇതിനായി വൈദികരും സന്യസ്തരും അല്‍മായരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സിനഡാലിറ്റി എന്നത് വെറുമൊരു വാക്കല്ല, അത് സഭയുടെ പ്രായോഗിക ജീവിതരീതിയായി മാറണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.
2026 ല്‍ സീറോ മലബാര്‍ സഭ ആചരിക്കുന്ന 'സാമുദായിക ശാക്തീകരണ വര്‍ഷം' കാലോചിതവും പ്രവാചക തുല്യവുമാണെന്ന് പറഞ്ഞ മേജര്‍ ആര്‍ച്ച് ബിഷപ്, സാമൂഹികം, സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാല്‍ പിന്നിലാക്കപ്പെട്ട സഭാംഗംങ്ങളുടെ യഥാര്‍ത്ഥ അവസ്ഥകളെ സത്യസന്ധമായും അനുകമ്പയോടെയും നോക്കിക്കാണാന്‍ ഇത് ക്ഷണിക്കുന്നു എന്ന് കൂട്ടിച്ചേര്‍ത്തു.
സാമുദായിക ശാക്തീകരണം എന്നത് കേവലം ഒരു പരിപാടിയോ മുദ്രാവാക്യമോ അല്ല. അത് സുവിശേഷത്തില്‍ നിന്ന് തന്നെ ഉത്ഭവിക്കുന്ന ഒരു സഭാപരമായ പ്രതിബദ്ധതയാണ്. കൂട്ടായ്മയുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും മുറിവേറ്റയിടങ്ങളില്‍ അന്തസ് പുനസ്ഥാപിക്കാനും നമ്മുടെ സഭാ കുടുംബത്തിലെ ഒരു അംഗവും ഒഴിവാക്കപ്പെട്ടവരോ കേള്‍ക്കപ്പെടാത്തവരോ ആയി തോന്നുന്നില്ലെന്ന് ഉറപ്പാക്കാനും ഇത് നമ്മെ ക്ഷണിക്കുന്നുവെന്നും മാര്‍ തട്ടില്‍ ഓര്‍മിപ്പിച്ചു.
സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും നിശബ്ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളില്‍ കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.
ദരിദ്രര്‍, കുടിയേറ്റക്കാര്‍, കഷ്ടപ്പെടുന്ന കുടുംബങ്ങള്‍, കുടിയൊഴിപ്പിക്കപ്പെട്ട വിശ്വാസികള്‍, അനീതിയാല്‍ മുറിവേറ്റവര്‍ എന്നിവരോടുള്ള നമ്മുടെ കരുതല്‍, അജപാലനപരമായ മുന്‍ഗണനകളിലും തീരുമാനങ്ങളിലും പ്രായോഗികമായി പ്രകടമാകുന്ന ഒരു വര്‍ഷമായി 2026 മാറണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തു. സിനഡ് പത്തിന് സമാപിക്കും. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള 55 മെത്രാന്മാരാണ് സിനഡില്‍ സംബന്ധിക്കുന്നത്.