ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ സംഘം അദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രി കണ്ഠരര് രാജീവര് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടുമെന്നുമാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണത്തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തന്ത്രിയെ എസ്‌ഐടി വിളിപ്പിച്ചിരുന്നു. പക്ഷെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് തന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. ഇയാള്‍ക്കെതിരെ എങ്ങനെ അഴിമതി നിരോധന വകുപ്പ് ചുമത്തുമെന്ന് ചോദ്യങ്ങള്‍ നേരത്തെ വന്നിരുന്നു. ഇതില്‍ അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുകയായിരുന്നു.

എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതല്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ നടന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പ് നടത്തിയിരുന്നത് തന്ത്രിക്കറിയാമായിരുന്നു. ദൈവതുല്യരായ ആളുകളും ഇതിന് പിന്നിലുണ്ടെന്ന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളെല്ലാം ഇ.ഡിയ്ക്ക് കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകള്‍ പരിശോധിച്ച് ഡയറക്ടറേറ്റില്‍ നിന്നും അനുമതിയും ലഭിച്ചതോടെയാണ് ഇ.ഡി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.