വായ്പാ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കും; ചൂരല്‍മല ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

വായ്പാ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കും; ചൂരല്‍മല ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ചൂരല്‍മല ദുരിത ബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍. കുടിശിക ഇനത്തില്‍ വരുന്ന 18.75 കോടി രൂപയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഉള്‍പ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പരാതികള്‍ സമിതിയെ അറിയിക്കാമെന്നും മന്ത്രി അറിയിച്ചു.

ദുരിത ബാധിതരുടെ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കും. കേരള ബാങ്ക് എഴുതിത്തള്ളിയതിന് പുറമേയുള്ള വായ്പകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം സര്‍ക്കാര്‍ തിരിച്ച് നല്‍കും. 555 ഗുണഭോക്താക്കളുടെ 1620 ലോണുകള്‍ എഴുതി തള്ളും. ആറ് മേഖലയിലുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കടം എഴുതിത്തള്ളാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നിട്ടും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. കേന്ദ്ര നടപടി കേരളത്തോടുള്ള പക പോക്കലാണെന്നും മനുഷ്യത്വമില്ലാത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വായ്പ എഴുതിത്തള്ളാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.

റിസര്‍വ് ബാങ്കിന്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളില്‍ ബാങ്ക് വായ്പകള്‍ പൂര്‍ണമായി എഴുതി തള്ളാന്‍ വ്യവസ്ഥയില്ല. 2015 ലെ ബാങ്കേഴ്സ് കോണ്‍ഫറന്‍സില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കുന്നതെന്നും സത്യവാങ്മൂലത്തില്‍ ഉണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.