തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരം. 29 ദിവസത്തിനിടെ 16 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വേനല്‍ കാലത്ത് ചൂട് കൂടുമ്പോള്‍ രോഗ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികള്‍ ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2025ല്‍ മാത്രം 201 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും ഉറവിടം കണ്ടെത്താന്‍ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. 2024 ല്‍ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക രോഗ ബാധിതരുടെ എണ്ണം 39 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 201 ആയി കുതിച്ചുയര്‍ന്നു.
കൂടാതെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2024ല്‍ മരണസംഖ്യ ഒമ്പത് ആയിരുന്നെങ്കില്‍ 2025 ല്‍ അത് 47 ആയി ഉയര്‍ന്നു. പുതിയ വര്‍ഷത്തിലും ആശങ്ക തുടരുകയാണ്.
വളരെ അപൂര്‍വമായി വരുന്ന രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തത് രോഗവ്യാപനത്തെ തടയുന്നതിന് വെല്ലുവിളിയാണ്. മലിന ജലത്തില്‍ കുളിക്കുന്നവര്‍ക്കാണ് രോഗം ബാധ ഉണ്ടാകുന്നതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. എന്നാല്‍ കിണര്‍ വെള്ളം മാത്രം ഉപയോഗിച്ചവര്‍ക്കും രോഗം വന്നതോടെ ഉറവിടം ഏതെന്ന കാര്യത്തില്‍ സംശയമുയര്‍ന്നു.
സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്ന് നടത്തുന്ന ഫീല്‍ഡ് തല പഠനം മാസങ്ങള്‍ പിന്നിട്ടിട്ടും എവിടെയും എത്തിയിട്ടില്ല.