'സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

'സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പാടിയായിരുന്നു പ്രതിഷേധം.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

'ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ' എന്നും പ്രതിഷേധക്കാര്‍ പാടുന്നുണ്ടായിരുന്നു. സഭ ആരംഭിക്കുന്നതിന് മുമ്പേയാണ് സഭാ കവാടത്തില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.

പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്ന് വീഴും എന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്ത് വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടി മുതല്‍ കണ്ടെത്തിയിട്ടുമില്ല, തെളിവുകള്‍ ശേഖരിച്ചിട്ടുമില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഞെട്ടിച്ച, അപമാനകരമായ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഒരു സ്ഥലത്തുമെത്താതെ അവസാനിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. നിയമസഭയില്‍ പ്രതിഷേധിക്കാന്‍ യുഡിഎഫ് കൂട്ടായിട്ടാണ് തീരുമാനമെടുത്തത്. അല്ലാതെ വി.ഡി സതീശന്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. ഞങ്ങളുടെ ഐക്യം കണ്ടിട്ടാണ് ഭരണപക്ഷം ആക്രമിക്കുന്നത്. മന്ത്രിമാര്‍ നിലവാരം കുറഞ്ഞ പ്രസ്താവനകളാണ് നടത്തിയതെന്നും അദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്‍കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ച് മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.