ദേവസ്വം ബോര്‍ഡ് 3.40 കോടി ചെലവാക്കി; ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍

ദേവസ്വം ബോര്‍ഡ് 3.40 കോടി ചെലവാക്കി; ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍

തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്ക്.

സ്വര്‍ണക്കൊള്ള സംബന്ധിച്ച് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പി.എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിവരം.

അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്സില്‍ ഇല്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് സംബന്ധിച്ച അവ്യക്തതകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയ്യപ്പ സംഗമം നടത്തിയതു വഴി 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം.

ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ പണം അയ്യപ്പ സംഗമത്തിനായി ഉപയോഗിക്കരുതെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നും മൂന്ന് കോടിയിലധികം രൂപ ചെലവാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.