സിയാറ്റിൽ: അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഇന്ത്യൻ വിദ്യാർഥിനി ജാൻവി കണ്ടുലയുടെ മരണത്തിൽ നിർണായക നടപടി. 2023-ൽ പോലീസ് വാഹനമിടിച്ച് ജാൻവി മരിക്കാനിടയായ സംഭവത്തിൽ സിയാറ്റിൽ നഗരസഭ ജാൻവിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി. മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ പൊലീസ് വാഹനമാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാൻവിയെ ഇടിച്ചുതെറിപ്പിച്ചത്.
23 കാരിയായ ജാൻവി അമിതവേഗതയിലെത്തിയ ഓഫീസർ കെവിൻ ഡേവിന്റെ വാഹനമിടിച്ചാണ് മരിച്ചത്. എന്നാൽ അപകടത്തേക്കാൾ ലോകത്തെ ഞെട്ടിച്ചത് ഇതിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളായിരുന്നു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ബോഡിക്യാം ദൃശ്യങ്ങൾ വൻ വിവാദമായി.
"അവൾ മരിച്ചു, പക്ഷേ അവളുടെ ജീവിതത്തിന് വലിയ മൂല്യമൊന്നുമില്ല, 11000 ഡോളറിന്റെ ഒരു ചെക്ക് നൽകിയാൽ തീരുന്ന പ്രശ്നമേയുള്ളൂ" എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഓഡററുടെ പരാമർശം. ഈ വംശീയ അധിക്ഷേപം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ജാൻവിയുടെ കുടുംബം നൽകിയ സിവിൽ കേസിനെത്തുടർന്നാണ് ഇപ്പോൾ വൻ തുക നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചത്. ജാൻവിയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും ഈ തുക കുടുംബത്തിന് ചെറിയ രീതിയിലെങ്കിലും ആശ്വാസവും സമാധാനവും നൽകുമെന്ന് കരുതുന്നതായും സിയാറ്റിൽ സിറ്റി അറ്റോർണി എറിക്ക ഇവാൻസ് വ്യക്തമാക്കി.