വാക്കുകളെ നിരായുധീകരിക്കാം; വിദ്വേഷത്തിന് പകരം സ്നേഹത്തിന്റെ ഭാഷ പകരണം: ലിയോ പാപ്പയുടെ നോമ്പുകാല സന്ദേശം

വാക്കുകളെ നിരായുധീകരിക്കാം; വിദ്വേഷത്തിന് പകരം സ്നേഹത്തിന്റെ ഭാഷ പകരണം: ലിയോ പാപ്പയുടെ നോമ്പുകാല സന്ദേശം

വത്തിക്കാൻ സിറ്റി: അയൽക്കാരനെ മുറിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ വാക്കുകൾ ഒഴിവാക്കിക്കൊണ്ട് ഈ നോമ്പുകാലം കൂടുതൽ അർത്ഥവത്താക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ232. ‘ശ്രവണവും ഉപവാസവും: മാനസാന്തരത്തിന്റെ കാലമായ നോമ്പ്’ എന്ന ശീർഷകത്തിൽ പുറത്തിറക്കിയ നോമ്പുകാല സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

നോമ്പുകാലം ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ദൈവത്തെ പുനഃപ്രതിഷ്ഠിക്കാനുള്ള സുവർണ്ണാവസരമാണെന്ന് പാപ്പ ഓർമിപ്പിച്ചു. വചനം ഹൃദയത്തെ സ്പർശിക്കുമ്പോഴാണ് യഥാർത്ഥ മാനസാന്തരം ആരംഭിക്കുന്നത്. ലോകത്തിലെ അനേകം ശബ്ദങ്ങൾക്കിടയിൽ, വേദനിക്കുന്നവരുടെയും അസ്വസ്ഥരായവരുടെയും നിലവിളി കേൾക്കാൻ വിശുദ്ധ ഗ്രന്ഥം നമ്മെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു.

പരമ്പരാഗതമായ രീതിയിൽ ഭക്ഷണക്രമീകരണം നടത്തുന്നതിനൊപ്പം, നമ്മുടെ വാക്കുകളെക്കൂടി ശുദ്ധീകരിക്കണമെന്ന് പാപ്പ നിർദേശിച്ചു. "നിർദയമായ വാക്കുകളും പെട്ടെന്നുള്ള വിധികളും ഒഴിവാക്കണം. ഒപ്പമില്ലാത്തവരെയോ സ്വയം പ്രതിരോധിക്കാൻ സാധിക്കാത്തവരെയോ കുറ്റപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിയണം. കുടുംബങ്ങളിലും സുഹൃത്തുക്കൾക്കിടയിലും മാത്രമല്ല, സോഷ്യൽ മീഡിയയിലും രാഷ്ട്രീയ സംവാദങ്ങളിലും കാരുണ്യവും ബഹുമാനവും പുലർത്തണം."- പാപ്പ പറഞ്ഞു.

വിദ്വേഷത്തിന്റെ വാക്കുകൾക്ക് പകരം പ്രത്യാശയുടെയും സമാധാനത്തിന്റെയും ഭാഷ ഉപയോഗിക്കാൻ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ഉപവാസം നമ്മുടെ ആഗ്രഹങ്ങളെ വിമലീകരിക്കാനും ഹൃദയത്തെ വിശാലമാക്കി ദൈവത്തിലേക്കും നന്മപ്രവൃത്തികളിലേക്കും തിരിക്കാനും സഹായിക്കും. നീതിക്കുവേണ്ടിയുള്ള ദാഹം നിലനിർത്താൻ ഇത്തരം ആത്മീയ അച്ചടക്കം അനിവാര്യമാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.