പണമിടപാടെല്ലാം നിമിഷങ്ങൾക്കുള്ളിൽ ഫോണിലൂടെ; പുതിയ സൗകര്യം അവതരിപ്പിച്ച് ദുബായ്: ഇന്ത്യൻ സഞ്ചാരികൾക്ക് ഗുണകരം

പണമിടപാടെല്ലാം നിമിഷങ്ങൾക്കുള്ളിൽ ഫോണിലൂടെ; പുതിയ സൗകര്യം അവതരിപ്പിച്ച് ദുബായ്:  ഇന്ത്യൻ സഞ്ചാരികൾക്ക്  ഗുണകരം

ദുബായ്: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഗൾഫ് സന്ദർശനം കൂടുതൽ എളുപ്പമാക്കുന്ന പുതിയ സൗകര്യം അവതരിപ്പിച്ച് ദുബായ്. ബുർജ് ഖലീഫയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇന്ത്യൻ യുപിഐ ആപ്പുകൾ ഉപയോഗിച്ച് നേരിട്ട് ഇനി ബുക്ക് ചെയ്യാം . യുഎഇയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം നടപ്പിലാക്കിയത്.

പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഫോൺ പേ,​ ഗൂഗിൽ പേ,​ ഭീം പോലുള്ള യുപിഐ അധിഷ്ഠിത ആപ്പുകൾ വഴി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നാട്ടിൽ നിന്നുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിക്കാതെ തന്നെ പണമടയ്ക്കാൻ സാധിക്കും.

ബുർജ് ഖലീഫയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ മാത്രമല്ല ദുബായിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും യുപിഐ വഴി പണമടയ്ക്കാൻ കഴിയും.

യുപിഐ പിന്തുണയുള്ള ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്പ് ഉപയോഗിച്ച് വ്യാപാരിയുടെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം. ഇടപാട് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പൂർത്തിയാകും. ഇടപാട് തുക യുഎഇ ദിർഹത്തിൽ ആയിരിക്കുമെങ്കിലും ബാങ്ക് അന്നത്തെ വിനിമയ നിരക്കനുസരിച്ച് ഇന്ത്യൻ രൂപയിൽ തുക ഡെബിറ്റ് ചെയ്യും.

ഇന്ത്യൻ സഞ്ചാരികൾക്ക് വിദേശ കറൻസി എപ്പോഴും കയ്യിൽ കരുതേണ്ടി വരില്ല. അന്താരാഷ്ട്ര കാർഡ് ഇല്ലെങ്കിലും പല സ്ഥലങ്ങളിലും പണമടയ്ക്കാൻ സാധിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്തുകഴിഞ്ഞാൽ വേഗത്തിൽ പണമടയ്ക്കാനാകും. ചെറുതും വലുതുമായ ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.