പത്തനംതിട്ട: അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്ന ആലിൻ ഷെറിന് വിട നൽകാൻ കേരളം. മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം നെടുങ്ങാടപ്പള്ളിയിലെ വസതിയിലെത്തിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിലാണ് പൊതുദർശനം. തുടർന്ന് വീട്ടിൽ പ്രാർഥന ശുശ്രൂശകൾ നടക്കും. മൂന്ന് മണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. നാല് മണിയോടെ പള്ളിയിലെ പ്രർഥനകൾക്ക് ശേഷം സംസ്കാരം നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിനെ കാണാൻ ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് അവസാനമായി കാണാനായി എത്തുന്നത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിൻ്റെയും മകളാണ് പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിനും മാതാപിതാക്കളും കുടുംബവപം തയ്യാറാകുകയായിരുന്നു.