ക്രൈസ്തവർ വലിയ നോമ്പിലേക്ക്; ഇന്ന് വിഭൂതി തിങ്കൾ

ക്രൈസ്തവർ വലിയ നോമ്പിലേക്ക്; ഇന്ന് വിഭൂതി തിങ്കൾ

കൊച്ചി: യേശുക്രിസ്തുവിന്റെ 40 ദിവസത്തെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും സ്മരണ പുതുക്കി ക്രൈസ്തവ ലോകം അൻപത് നോമ്പിലേക്ക് പ്രവേശിച്ചു. മനുഷ്യൻ മണ്ണാണെന്നും മണ്ണിലേക്ക് തന്നെ മടങ്ങുമെന്നുമുള്ള വചനമുയർത്തി നെറ്റിയിൽ ചാരം പൂശുന്ന 'വിഭൂതി തിങ്കൾ' ശുശ്രൂഷകളോടെയാണ് സീറോ മലബാർ സഭയിൽ നോമ്പാചരണം ആരംഭിച്ചത്.

സീറോ മലങ്കര സഭയിൽ 'ശുബുകോനോ' എന്ന അനുരഞ്ജന ശുശ്രൂഷയോടെയാണ് വലിയ നോമ്പിന് തുടക്കമായത്. എന്നാൽ ലത്തീൻ സഭയിൽ ഫെബ്രുവരി 18 ന് 'വിഭൂതി ബുധൻ' മുതലാണ് നോമ്പാരംഭം. വത്തിക്കാനിലെ വിശുദ്ധ സബീന ബസിലിക്കയിൽ നടക്കുന്ന വിഭൂതി തിരുനാൾ കർമ്മങ്ങൾക്ക് ലിയോ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.

ത്യാഗപൂർണമായ ജീവിതത്തിലൂടെ ആത്മീയ നവീകരണം ലക്ഷ്യമിടുന്നതാണ് അൻപത് നോമ്പ് കാലം. മത്സ്യ-മാംസാദികൾ ഉപേക്ഷിച്ചും ലളിതഭക്ഷണം കഴിച്ചും വിശ്വാസികൾ നോമ്പ് നോൽക്കുന്നു. ആഘോഷങ്ങളും ആഡംബരങ്ങളും ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ദിനങ്ങളിൽ ദേവാലയങ്ങളിൽ കുരിശിന്റെ വഴി ഉൾപ്പെടെയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും.

നോമ്പുകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ കുരിശുമല തീർത്ഥാടന കേന്ദ്രങ്ങൾ സജീവമായി. ഏപ്രിൽ അഞ്ചിനാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ (ഉയിർപ്പ് തിരുനാൾ) ആഘോഷിക്കുന്നത്. അതുവരെ സഭകളിൽ വിവാഹം ഉൾപ്പെടെയുള്ള മംഗളകർമ്മങ്ങൾ നടക്കില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.