തിരുവനന്തപുരം: അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ മൂന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സിപിഎം സൈബര്‍ ടീം വിട്ടു. കെ.വി സുധാകരന്‍, കെ. മോഹന്‍ദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമില്‍ നിന്നും ഒഴിവായത്. മൂന്നു പേരും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍മാരാണ്. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടര്‍ന്നാണ് മൂവരും ഒഴിവായത്.
സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ പാളുന്നു എന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും അഭിപ്രായമുണ്ട്. മേഖലാ ജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമര്‍ശനം. നികേഷ് കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആണ് എന്ന ആക്ഷേപവുമുണ്ട്. ഗോവിന്ദന്‍ മുന്‍കൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടു വരുന്നത്.
സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകള്‍ കാര്യക്ഷമമാക്കുന്നതിനായാണ് എം.വി നികേഷ് കുമാറിന് മുഖ്യ ചുമതല നല്‍കിയത്. ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഈ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ സമീപ കാലത്തായി സിപിഎമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ കാര്യക്ഷമമാകുന്നില്ല എന്ന തരത്തിലുള്ള വിമര്‍ശനം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉയര്‍ന്നുണ്ട്. കനത്ത പാര്‍ട്ടി അനുഭാവികള്‍ പോലും ഇതിലുള്ള അതൃപ്തി പരസ്യമാക്കി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.