കൊച്ചി: വണ്ടാനം മെഡിക്കൽ കോളജിലെ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വയറ്റിലുണ്ടായിരുന്ന കത്രിക വിജയകരമായി പുറത്തെടുത്തു. ഉഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അമൃത ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കത്രിക തുടർ നടപടികൾക്കായി ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഈ സംഭവത്തിൽ ഉഷ ജോസഫിന്റെ ഭർതൃ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെയാണ് പൊലീസ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്‌സായ ധന്യ പി.എസിനെയും ആരോഗ്യ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഡോ. ഷാഹിദയെ ഇതുവരെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ഷാഹിദ. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പ്രതി ചേർക്കാത്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ട്.