തൃശൂർ: രാഷ്ട്രീയ പ്രവർത്തന മേഖലയിൽ ജനപ്രതിനിധികൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് . തൃശൂർ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഭാരതത്തിന്റെ രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ ക്രൈസ്തവർ എന്നും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. പൂർവ്വികർ കാട്ടിത്തന്ന ആ മാതൃക പിന്തുടർന്ന് കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും പൊതുസമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കാനും ജനപ്രതിനിധികൾ തയ്യാറാകണമെന്ന് അദേഹം പറഞ്ഞു.
ചൊവ്വന്നൂർ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന ധന്യൻ ജോൺ ഊക്കൻ അച്ഛന്റെ പ്രവർത്തന രീതികൾ ഇന്നത്തെ ജനപ്രതിനിധികൾക്ക് വലിയ മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാർ ടോണി നീലങ്കാവിൽ അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തന രംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം വർധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
തൃശൂർ അതിരൂപതയിലെ ഇരുനൂറിലധികം ജനപ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. ബിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമെന്റ് ഫ്രാൻസിസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി സ്വാഗതവും ഭാരവാഹികളായ കെ.സി. ഡേവിസ്, റോണി അഗസ്റ്റിൻ, അഡ്വ. ബൈജു ജോസഫ്, ആന്റോ തൊറയൻ, ലീലാ വർഗീസ്, മേഴ്സി ജോയ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വവും നൽകി.