'രാജി നല്‍കിയിട്ടില്ല, പാര്‍ട്ടി എന്റെ ജീവശ്വാസമാണ്'; വാര്‍ത്തകള്‍ തള്ളി അലോഷ്യസ് സേവ്യര്‍

'രാജി നല്‍കിയിട്ടില്ല, പാര്‍ട്ടി എന്റെ ജീവശ്വാസമാണ്'; വാര്‍ത്തകള്‍ തള്ളി അലോഷ്യസ് സേവ്യര്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അലോഷ്യസ് സേവ്യര്‍. തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ലെന്നും സംഘടനയ്ക്കും പാര്‍ട്ടിക്കും വേണ്ടിയായിരുന്നുവെന്നും അലോഷ്യസ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇടുക്കി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ അലോഷ്യസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതോടെ അദേഹം രാജിക്കൊരുങ്ങുന്നു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍.

ഇപ്പോഴാണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. വാര്‍ത്തകളല്ലല്ലോ വസ്തുതകള്‍. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ നാള്‍ മുതല്‍ ഇന്നുവരെ തനിയ്ക്ക് വേണ്ടിയോ തന്റെ പേരിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. പ്രവര്‍ത്തനങ്ങളെല്ലാം സംഘടനയ്ക്ക് വേണ്ടിയായിരുന്നു. കെ.എസ്.യു തന്റെ ഹൃദയതുടിപ്പാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ ജീവശ്വാസമാണെന്നും വൈകാരികമായ പോസ്റ്റില്‍ അദേഹം പറയുന്നു.

ഇടുക്കിയുടെ മലയോര മേഖലയില്‍ നിന്നുള്ള തന്റെ പോരാട്ടം ഓരോ നിമിഷവും പാര്‍ട്ടിയുടെ മുന്നേറ്റത്തിന് വേണ്ടിയായിരുന്നു. സിപിഎം അക്രമങ്ങള്‍ക്കും പൊലീസ് വേട്ടയാടലുകള്‍ക്കും ഇരയാകുന്ന സഹപ്രവര്‍ത്തകരുടെ വികാരമാണ് തന്റെ ഹൃദയവികാരം. ഇടുക്കിയിലോ പൂഞ്ഞാറിലോ അലോഷ്യസ് സേവ്യറെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേതാക്കള്‍ താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങള്‍ തിരിച്ചടിയാവുകയായിരുന്നു. ഇതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയും അലോഷ്യസ് രാജിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.