മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണ്? ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ ഇടപെട്ട് ഹൈക്കോടതി

മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണ്? ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ ഇടപെട്ട് ഹൈക്കോടതി. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് കോടതി ചോദിച്ചു.

കെ.എസ്.യു നേതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. വിദ്വേഷ പരാമര്‍ശങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണ് നിലനില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. വോട്ടര്‍മാര്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് വേണമെന്ന് കോടതി നിര്‍ദേശിച്ചു.

ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടു. അതേസമയം വിദ്വേഷ പരാമര്‍ശത്തില്‍ ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവാദമായ പ്രസംഗത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പരാമര്‍ശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ എല്ലാ തുടര്‍ നടപടികളും സ്വീകരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ ഉറപ്പ് നല്‍കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലായിരുന്നു ബി. ഗോപാലകൃഷ്ണന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ല. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ തന്നെ വേണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതോ വിഭാഗീയത ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കേ ആണ് വിഷയത്തില്‍ പരാതി ഉയര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.