നിതീഷ് കുമാര്‍ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി നേതൃയോഗം 13 ന് പട്നയില്‍

നിതീഷ് കുമാര്‍ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി നേതൃയോഗം 13 ന് പട്നയില്‍

പട്ന: ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാര്‍ രാജിവെക്കുന്ന ഒഴിവില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി നേതൃയോഗം 13 ന് പട്നയില്‍ ചേരും.

നിലവിലെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പിന്‍ഗാമിയാകണമെന്ന് നിതീഷ് കുമാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിതീഷിന്റെ മകന്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 30 ന് അദേഹം ബീഹാര്‍ എംഎല്‍സി നിന്നും രാജിവെച്ചിരുന്നു. അതേസമയം പുതിയ ബിഹാര്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാര്‍ത്ത ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍ തള്ളി.

ബീഹാര്‍ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാര്‍ സിന്‍ഹയും സാമ്രാട്ട് ചൗധരിയും ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇവര്‍ നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് നിതീഷ് കുമാര്‍. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദേഹം. നിതീഷ് രാജ്യസഭയിലെത്തുന്നതോടെ കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.