കൊച്ചി: സി.എം.ആര്‍.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി.യ്ക്കെതിരെ അതീവ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ഇ.ഡി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള വെളിപ്പെടുത്തിയ വരുമാനത്തിന് പുറമെ ഹവാല ചാനലുകള്‍ ഉപയോഗിച്ച് വീണ വലിയ തോതിലുള്ള നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്.
സി.എം.ആര്‍.എല്ലില്‍ നിന്ന് ബാങ്ക് വഴി ലഭിച്ച 2.78 കോടി രൂപയ്ക്ക് പുറമെ, 20 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ വ്യക്തമാക്കുന്ന കൈയെഴുത്ത് രേഖകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കഴിഞ്ഞ മെയ് 27 ന് വീണയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന വിവരങ്ങളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുന്നത്. ഇതിലെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള പേജുകളിലെ കണക്കുകള്‍ പ്രകാരം 85 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ദിര്‍ഹം രൂപത്തില്‍ ദുബായിലേക്ക് കൈമാറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ, സാമ്പത്തിക ഇടപാടുകള്‍ക്കായി മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് കോളുകള്‍ നടത്തിയതിന്റെ ചിത്രങ്ങളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് തൊട്ടുപിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ത്താക്കുറിപ്പ് ഇ.ഡി പുറത്തുവിട്ടത്. ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്യലിന് വിധേയയായ വീണയെ, പുതിയ രേഖകളുടെയും വിവരങ്ങളുടെയും വെളിച്ചത്തില്‍ ഉടന്‍ തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.