തിരുവനന്തപുരം: അടുത്തിടെ ഉദ്ഘാടനം ചെയ്ത പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെഎസ്ഇബി താല്‍കാലിക ജീവനക്കാരന്‍ മരിച്ചെന്ന് പരാതി. കുഴഞ്ഞുവീണ അമ്പൂരി സ്വദേശി സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓക്സിജന്‍ നല്‍കാന്‍ പോലും ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ആശുപത്രിക്ക് മുന്‍പില്‍ സന്തോഷിന്റെ സഹ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
തിരക്കിട്ട് ഉദ്ഘാടനം നടത്തിയ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 46 വയസുകാരനായ സന്തോഷ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വൈകുന്നേരം അഞ്ചിനാണ് സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരോ ഇല്ലായിരുന്നു. ഓക്സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായില്ലെന്ന് സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സന്തോഷിന് ജീവനുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വരെ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് ഇവര്‍ പറയുന്നു.
48 കോടി രൂപയാണ് പാറശാല താലൂക്ക് ആശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നാണ് ഈ തുക ചെലവഴിച്ചത്. മതിയായ സേവനങ്ങള്‍ ഉറപ്പുവരുത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.