എക്‌സിറ്റ് പോള്‍ ഫലം: യുഡിഎഫ് ക്യാമ്പില്‍ ആവേശം; ഭരണത്തുടര്‍ച്ചയില്‍ ഇടതുപക്ഷത്തിന് ആശങ്ക

എക്‌സിറ്റ് പോള്‍ ഫലം: യുഡിഎഫ് ക്യാമ്പില്‍ ആവേശം; ഭരണത്തുടര്‍ച്ചയില്‍ ഇടതുപക്ഷത്തിന് ആശങ്ക

തിരുവനന്തപുരം: കേരളം യുഡിഎഫിനൊപ്പമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം. സൈബറിടങ്ങളില്‍ എക്‌സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷവും രംഗത്തെത്തി.

ഒരു സര്‍വേയിലും ഭരണത്തുടര്‍ച്ച പ്രവചിക്കാത്തത് ഇടതുപക്ഷത്തിന് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഒന്‍പത് ഏജന്‍സികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് വന്നിട്ടുള്ളത്. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, വോട്ട് വൈബ്, ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ് എന്നി ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടത്.

ബിജെപിക്ക് നാല് സീറ്റ് വരെ പി മാര്‍ക്ക് പ്രവചിച്ചിട്ടുണ്ട്. ബംഗാള്‍ ബിജെപി പിടിക്കുമെന്നാണ് പോള്‍ ഡയറിയുടെ സര്‍വേ ഫലം. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധി അറിയാന്‍ നാല് നാള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ഭരണ മാറ്റം ഉറപ്പാണെന്നും 85 ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.