കോട്ടപ്പുറം: ഫാ. തെയോഫിൻ കപ്പൂച്ചിനെ കത്തോലിക്കാ സഭയിലെ ‘ധന്യൻ’ പദവിയിലേക്ക് ഉയർത്തിയതിന്റെ ജന്മനാടായ കോട്ടപ്പുറത്തെ ആഘോഷങ്ങൾ നാളെ നടക്കും. സെന്റ് മൈക്കിൾസ് കത്തീഡ്രൽ കേന്ദ്രീകരിച്ചാണ് വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ വൈകുന്നേരം അഞ്ചിന് കൂടല്ലൂർ തറവാട്ടിലെ ധന്യന്റെ ജന്മഗൃഹത്തിൽ നിന്നും കത്തീഡ്രൽ അങ്കണത്തിലെ തിയോഫിൽ ആർക്കേഡിലേക്ക് ഛായാചിത്ര പ്രയാണം നടക്കും. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
വൈകുന്നേരം 5.30 ന് കത്തീഡ്രലിൽ നടക്കുന്ന പൊന്തിഫിക്കൽ കൃതജ്ഞതാ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും ധന്യന്റെ സഹോദരീപുത്രനുമായ ഫാ. റോബിൻ ഡാനിയൽ വചന പ്രഘോഷണം നടത്തും.
കത്തീഡ്രൽ വികാരി ഫാ. ഡോ. ഡൊമിനിക് പിൻഹിറോ, സഹവികാരിമാരായ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ. ടോണി കുന്നത്തൂർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. 1913 ജൂലൈ 20 ന് കോട്ടപ്പുറത്തെ കൂടല്ലൂർ കുടുംബത്തിൽ ജനിച്ച തെയോഫിൻ കപ്പൂച്ചിൻ 1968 ഏപ്രിൽ നാലിനാണ് അന്തരിച്ചത്.
2005 ൽ അദേഹത്തെ 'ദൈവദാസനായി' പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2026 ഫെബ്രുവരി 21 നാണ് മാർപാപ്പ 'ധന്യൻ' പദവിയിലേക്ക് ഉയർത്തിയത്. കബറിടം സ്ഥിതി ചെയ്യുന്ന പൊന്നുരുന്നിയിൽ കഴിഞ്ഞ ഏപ്രിൽ 26 ന് ഔദ്യോഗിക ആഘോഷങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജന്മനാടായ കോട്ടപ്പുറം ഈ ചരിത്ര നിമിഷം ആഘോഷിക്കുന്നത്.