ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വൈകുന്നേരം 5.30 ന് ഖാര്‍ഗെയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കേരളം കാത്തിരിക്കുന്ന നിര്‍ണായക പ്രഖ്യാപനം ഉണ്ടാകും.
കേരളത്തിലെ നേതാക്കളുമായുള്ള പ്രധാന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഡല്‍ഹിയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലേക്ക് മടങ്ങി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങളും എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്.
മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗിന്റെ നിലപാടും ഹൈക്കമാന്‍ഡ് ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. പ്രഖ്യാപനം ഡല്‍ഹിയില്‍ നിന്നാണോ അതോ കേരളത്തില്‍ വെച്ചാണോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.
നേരത്തേ വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരോടും വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരോട് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം കെ.സി വേണുഗോപാലിനാണെങ്കിലും വി.ഡി സതീശന് അനുകൂലമായി മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ നിലപാടെടുത്തതും പൊതുജനാഭിപ്രായം രൂപപ്പെട്ടതുമാണ് പ്രഖ്യാപനം വൈകാന്‍ കാരണം. ചെന്നിത്തലയുടെ സീനിയോറിറ്റിയും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ നേതൃത്വത്തിന്റെ പരിഗണനാ വിഷയമാണ്.