പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി: സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക്; സര്‍ക്കിള്‍ സംവിധാനം തിരികെ കൊണ്ടുവരും

പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി: സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക്; സര്‍ക്കിള്‍ സംവിധാനം തിരികെ കൊണ്ടുവരും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവര്‍ത്തന ശൈലിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊരുങ്ങി പുതിയ സര്‍ക്കാര്‍. പൊലീസ് സ്റ്റേഷനുകളുടെ ഭരണം വീണ്ടും എസ് ഐമാര്‍ക്ക് നല്‍കാനും പഴയ സര്‍ക്കിള്‍ സംവിധാനം തിരികെ കൊണ്ടുവരാനുമാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.

ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ തയാറാക്കി. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് ശേഷമുള്ള ഏറ്റവും വലിയ ഭരണപരമായ പരിഷ്‌കാരങ്ങളിലൊന്നാകും ഇത്.

പ്രതിവര്‍ഷം 3000 ല്‍ അധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന വലിയ പൊലീസ് സ്റ്റേഷനുകളില്‍ മാത്രമായിരിക്കും ഇനി ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒമാരായി തുടരുക. ആയിരത്തില്‍ താഴെ എഫ്‌ഐആറുകള്‍ മാത്രം വരുന്ന സാധാരണ സ്റ്റേഷനുകളുടെ ഭരണം ഇനി മുതല്‍ എസ്‌ഐമാര്‍ക്ക് കൈമാറും. പുതിയ ക്രമീകരണത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെയുള്ള മേഖലകളില്‍ രണ്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ എന്ന പഴയ രീതി നിലവില്‍ വരും.

മാറ്റം വരുത്തുമ്പോള്‍ ബാക്കി വരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സൈബര്‍ സെല്‍, പോക്‌സോ ഡിവിഷനുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലേക്ക് നിയമിക്കും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ 480 പൊലീസ് സ്റ്റേഷനുകളിലായിരുന്നു സിഐമാരെ എസ്എച്ച്ഒമാരാക്കി നിയമിച്ചിരുന്നത്. ഈ സംവിധാനമാണ് ഇപ്പോള്‍ മാറുന്നത്. ഇതോടൊപ്പം സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ ശക്തമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

പുതിയ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ അനുയോജ്യമായ 20 ഇന കര്‍മ്മ പദ്ധതികളാണ് പൊലീസ് മേധാവി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.