ജനജീവിതം ഇരുട്ടിലാക്കി മുളന്തുരുത്തിയില്‍ വൈദ്യുതി പ്രതിസന്ധി; പൂര്‍ണമായി പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും, വേഗം പരിഹരിക്കുമെന്ന് കെഎസ്ഇബി

ജനജീവിതം ഇരുട്ടിലാക്കി മുളന്തുരുത്തിയില്‍ വൈദ്യുതി പ്രതിസന്ധി; പൂര്‍ണമായി പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും, വേഗം പരിഹരിക്കുമെന്ന് കെഎസ്ഇബി

മുളന്തുരുത്തി: ദിവസങ്ങളായി തുടരുന്ന കടുത്ത വൈദ്യുതി തടസം മുളന്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും ജനജീവിതം പൂര്‍ണമായി ദുസഹമാക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണതാണ് മേഖലയില്‍ വ്യാപക നാശനഷ്ടത്തിന് ഇടയാക്കിയത്.

കെഎസ്ഇബി തൃപ്പൂണിത്തുറ ഡിവിഷന് കീഴിലുള്ള ആരക്കുന്നം, മുളന്തുരുത്തി, ആമ്പല്ലൂര്‍, പുത്തന്‍കുരിശ്, കോലഞ്ചേരി, തിരുവാണിയൂര്‍ തുടങ്ങിയ മേഖലകളിലാണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത്. ഏകദേശം 606 ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെട്ടു. 45000 ല്‍ അധികം ഉപയോക്താക്കളെ ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചു. 200 ഓളം എല്‍.ടി പോസ്റ്റുകളും 100 ഓളം എച്ച്.ടി പോസ്റ്റുകളും തകരുകയും നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും ചെയ്തു.

യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി കെഎസ്ഇബി മുളന്തുരുത്തി സെക്ഷന് പുറത്ത് നിന്നും നൂറോളം ജീവനക്കാരെയും കോണ്‍ട്രാക്ട് തൊഴിലാളികളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. ലൈനുകളിലേക്ക് വീണുകിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ജനപ്രതിനിധികളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്. പുറത്ത് നിന്ന് എത്തിയിട്ടുള്ള ജീവനക്കാര്‍ക്ക് പഞ്ചായത്തിന്റെ മുന്‍കൈയില്‍ ബസ് സ്റ്റാന്‍ഡ് കം കോംപ്ലക്‌സില്‍ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇതുവരെ ഏകദേശം 90 ശതമാനം പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. തകരാറിലായ 580 ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇതിനോടകം ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. റോഡുകളിലും ലൈനുകളിലും വീണ മരങ്ങള്‍ ചിലയിടങ്ങളില്‍ ഇനിയും പൂര്‍ണമായി മാറ്റാന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കൂടാതെ ഉച്ചയ്ക്ക് ശേഷമുള്ള ശക്തമായ കാറ്റും മഴയും പുനസ്ഥാപന ജോലികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഓരോ സര്‍ക്യൂട്ടിന് കീഴിലും പല സ്ഥലങ്ങളിലും ലൈനുകള്‍ പൊട്ടിക്കിടക്കുന്നതിനാല്‍ പൂര്‍ണമായി പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കാതെ ലൈന്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്നാണ് മുളന്തുരുത്തി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചിരിക്കുന്നത്. ജോലികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണെന്നും ഉപയോക്താക്കള്‍ ക്ഷമയോടെ സഹകരിക്കണമെന്നും അദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നമ്പറുകള്‍:

വൈദ്യുതി തടസവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനും നിലവിലെ സ്ഥിതി അറിയാനും:

കെ.എസ്.ഇ.ബി കസ്റ്റമര്‍ കെയര്‍- (ടോള്‍ ഫ്രീ) 1912

മറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍- 0471-2555544, 9496001912

വാട്സ്ആപ്പ് വഴി പരാതി നല്‍കാന്‍-9496001912

എസ്.എം.എസ് വഴി (സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്ക്)ചജ NP<13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍> എന്ന് ടൈപ്പ് ചെയ്ത് 9496001912 ലേക്ക് അയക്കുക

മുളന്തുരുത്തി സെക്ഷന്‍ ഓഫീസ്-0484-2744789

ഓണ്‍ലൈന്‍ പോര്‍ട്ടല്‍- KSEB Web Self Service പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

പേരിന് മാത്രം കമ്പികള്‍: വന്‍ അഴിമതിയെന്ന് ആരോപണം

തകര്‍ന്ന് വീണ പോസ്റ്റുകളുടെ ഗുണനിലവാരത്തെച്ചൊല്ലി കെഎസ്ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. തകര്‍ന്ന് വീണ പല പോസ്റ്റുകളും കാലപ്പഴക്കം ചെന്നവയല്ലെന്നും, വട്ടം ഒടിഞ്ഞു വീണ ഇവയില്‍ പലതിലും പേരിന് മാത്രമാണ് കമ്പികള്‍ ഉള്ളതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നിലവാരമില്ലാത്ത നിരവധി പോസ്റ്റുകള്‍ സ്ഥാപിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഒഴിവായത് വന്‍ ദുരന്തം

സ്‌കൂളുകള്‍ക്ക് അവധിയായതിനാലും, അപകടം നടന്നത് വൈകുന്നേരത്തെ മഴയില്‍ ആയതിനാല്‍ മിക്കവരും വീടുകളില്‍ തന്നെ ആയിരുന്നു. ഇതാണ് വലിയൊരു ദുരന്തം ഒഴിവാകാന്‍ കാരണം. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളടക്കം ഉള്‍പ്പെടുന്ന വലിയൊരു ജീവഹാനിക്കോ അപകടത്തിനോ ഈ പ്രദേശം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് നാട്ടുകാര്‍ ഭീതിയോടെ ഓര്‍ക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.