തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരെ ഉണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അക്രമത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍.
സംഭവ സ്ഥലത്ത് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതില്‍ കേരള പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയന്റെ വസതിയിലും മകള്‍ വീണ വിജയന്‍, മരുമകനും മുന്‍ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ ഇഡി ഒരേസമയം പരിശോധന നടത്തിയിരുന്നു.
എട്ട് മണിക്കൂറോളം നീണ്ട റെയ്ഡിനൊടുവില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഇഡി സംഘം പുറത്തേക്ക് പോകുന്നതിനിടയിലാണ് വന്‍ സംഘര്‍ഷം അരങ്ങേറിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് നിലവില്‍ ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവ സ്ഥലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, വി. ശിവന്‍കുട്ടി, വി. ജോയി എംഎല്‍എ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സന്നിഹിതരായിരുന്നുവെങ്കിലും, നിലവില്‍ തയ്യാറാക്കിയ എഫ്‌ഐആറില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ മാത്രമാണ് പ്രതിചേര്‍ത്തിട്ടുള്ളത്.
പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും. പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാല്‍ നിലവിലെ രണ്ടാമത്തെ എഫ്‌ഐആറില്‍ പ്രതികളുടെ പേരുകള്‍ വ്യക്തമാക്കാത്തത് വീഴ്ചയായി കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കല്ലും വടികളും ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
പരിശോധനയ്ക്കിടെ പിണറായി വിജയന്റെ വസതിയില്‍ നിന്ന് സുപ്രധാനമായ ചില രേഖകള്‍ കണ്ടെടുത്തതായി ഇഡി ഡയറക്ടറേറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ വീണ വിജയന്റെ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഇത് ശാസ്ത്രീയമായ സൈബര്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് കേന്ദ്ര ഏജന്‍സിയുടെ തീരുമാനം.
അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അതിനിടെ റെയ്ഡ് രാഷ്ട്രീയ പ്രതികാരമാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.