അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ വിഴിഞ്ഞം കുതിപ്പ്; കൂടുതല്‍ മദര്‍ഷിപ്പുകളെ എത്തിക്കാന്‍ വിപുലമായ പദ്ധതികള്‍ക്ക് തുടക്കം

അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ വിഴിഞ്ഞം കുതിപ്പ്; കൂടുതല്‍ മദര്‍ഷിപ്പുകളെ എത്തിക്കാന്‍ വിപുലമായ പദ്ധതികള്‍ക്ക് തുടക്കം

തിരുവനന്തപുരം: ട്രയല്‍ റണ്ണില്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കൂടുതല്‍ ഭീമന്‍ ചരക്കുകപ്പലുകള്‍ ആകര്‍ഷിക്കാന്‍ വിപുലമായ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ടും. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ സജീവമാകുന്നതിന്റെ ഭാഗമായി, ആഗോള ഷിപ്പിങ് ലൈനുകളെ വിഴിഞ്ഞത്തേക്ക് സ്ഥിരമായി എത്തിക്കാനുള്ള തന്ത്രപ്രധാന നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ചരക്ക് നീക്കത്തില്‍ വിഴിഞ്ഞത്തെ തങ്ങളുടെ പ്രധാന ഹബ്ബാക്കി മാറ്റാന്‍ മുന്‍നിര കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കപ്പലുകള്‍ക്ക് വേഗത്തില്‍ വന്നുപോകാനുള്ള ആധുനിക ക്ലിയറന്‍സ് സംവിധാനങ്ങളും തുറമുഖത്ത് സജ്ജമായിക്കഴിഞ്ഞു. വിഴിഞ്ഞത്ത് എത്തുന്ന ഭീമന്‍ മദര്‍ഷിപ്പുകളില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലേക്കും അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും മാറ്റുന്നതിനായി ചെറുകപ്പലുകളുടെ ശക്തമായ ശൃംഖല രൂപീകരിക്കും.

വര്‍ധിച്ച് വരുന്ന ആവശ്യകത കണക്കിലെടുത്ത് തുറമുഖത്തിന്റെ അടുത്ത ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കൂടുതല്‍ ആധുനിക ക്രെയിനുകളും യാര്‍ഡുകളും ഇതിലൂടെ സജ്ജമാകും. തുറമുഖത്തിലേക്കുള്ള റെയില്‍, ദേശീയപാത വികസന പദ്ധതികള്‍ അതിവേഗത്തിലാക്കും. അനുബന്ധമായി വലിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളും സംഭരണ ശാലകളും നിര്‍മിക്കാനും പദ്ധതിയുണ്ട്.

അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോട് ചേര്‍ന്നുള്ള ഭൂമി ശാസ്ത്രപരമായ സവിശേഷതയും 20 മീറ്ററോളം വരുന്ന സ്വാഭാവിക ആഴവും വിഴിഞ്ഞത്തിന് ആഗോള തലത്തില്‍ വലിയ മേല്‍ക്കൈ നല്‍കുന്നുണ്ട്. കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് വരുമാനം രാജ്യത്ത് തന്നെ നിലനിര്‍ത്താനും വിഴിഞ്ഞത്തിന്റെ പുതിയ മുന്നേറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.