എറണാകുളം ജില്ലയില്‍ എട്ട് മണ്ഡലങ്ങളില്‍ ട്വന്റി 20; മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

എറണാകുളം ജില്ലയില്‍ എട്ട്  മണ്ഡലങ്ങളില്‍ ട്വന്റി 20;  മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കന്ന ട്വന്റി 20 മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരെയാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും വിദ്യാസമ്പന്നരുമായ വ്യക്തികളെയാണ് സ്ഥാനാര്‍ത്ഥികളാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തൃക്കാക്കരയില്‍ കാക്കനാട് സ്വദേശിയും എറണാകുളം ലിസി ആശുപത്രിയില്‍ ഓര്‍ത്തോഡൊന്റിസ്റ്റുമായ ടെറി തോമസ് എടത്തൊട്ടിയാണ് സ്ഥാനാര്‍ത്ഥി. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. എറണാകുളം മണ്ഡലത്തില്‍ സെന്റ് ആല്‍ബര്‍ടസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും കോളജ് അധ്യാപകനുമായിരുന്ന ലസ്‌ലി പള്ളത്താണ് സ്ഥാനാര്‍ത്ഥി. കൊച്ചി മണ്ഡലത്തില്‍ ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയും മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ബിരുദധാരിയുമായ ഷൈനി ആന്റണി മത്സരിക്കും.

കഴിഞ്ഞ ദിവസം കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അധ്യക്ഷനായി പാര്‍ട്ടിയുടെ ഏഴുപേരടങ്ങുന്ന ഉപദേശക സമിതിയെയും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഉപദേശക സമിതി 20 പേരുടേതായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദിഖ്, സാജന്‍ കുര്യാക്കോസ്, വിജയന്‍ നങ്ങേലില്‍, ലക്ഷ്മി മേനോന്‍, അനിത ഇന്ദിര ഭായ് തുടങ്ങിയവരാണ് ഉപദേശക സമിതിയിലുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.