തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിനായി വിദേശ നിക്ഷേപം സമാഹരിക്കുന്നതിന്റെ ഭാഗമായി ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ഇതുസംബന്ധിച്ച ഔദ്യോഗിക അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചു. വിഴിഞ്ഞം പദ്ധതിയുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്തുന്നതിന് നിയമപരമായ അനുമതി നല്‍കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം.
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ചാലക കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുമായി (MSC) 49 ശതമാനം ഓഹരികള്‍ പങ്കുവെയ്ക്കാനാണ് അദാനി പോര്‍ട്‌സ് ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തത്തിലൂടെ ഏകദേശം 13,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം വിഴിഞ്ഞത്തേയ്ക്ക് ഒഴുകിയെത്തുമെന്നാണ് കണക്കാക്കുന്നത്. എം.എസ്.സി പോലെയുള്ള ഒരു ആഗോള ഭീമന്റെ സാന്നിധ്യം തുറമുഖത്തിന്റെ വാണിജ്യ സാധ്യതകള്‍ക്ക് വലിയ ഊര്‍ജ്ജം പകരും.
നേരത്തെ ഈ ഓഹരി കൈമാറ്റ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം നിയമസഭയില്‍ ഇത് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി, തുറമുഖ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് യാതൊരുവിധ ഓഹരി കൈമാറ്റവും അനുവദിക്കില്ലെന്നും, അത്തരം നീക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചിരുന്നു. കമ്പനികള്‍ തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാമെന്നും എന്നാല്‍ ഔദ്യോഗിക അനുമതിയില്ലാതെ ഇതില്‍ മുന്നോട്ടുപോകാനാകില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കമ്പനിയുടെ ഓഹരി പങ്കാളിത്തത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. നിശ്ചിത കാലാവധിക്ക് ശേഷം തുറമുഖത്തിന്റെ പൂര്‍ണാവകാശം സംസ്ഥാന സര്‍ക്കാരിലേക്ക് തിരികെ വരാനുള്ളതാണെന്ന കാര്യവും മുഖ്യമന്ത്രി അന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയുള്ള കത്ത് ഉടന്‍ നല്‍കുമെന്ന് അദാനി ഗ്രൂപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഔദ്യോഗികമായി അപേക്ഷ ലഭിച്ച സാഹചര്യത്തില്‍, തുറമുഖ വകുപ്പും നിയമ വകുപ്പും കരാര്‍ വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ നടപടി എടുക്കുക.