ആലപ്പുഴ: ഉസ്ബക്കിസ്ഥാനിലെ ഹോസ്റ്റല്‍ മുറിയില്‍ നടന്ന ദാരുണമായ കൊലപാതകത്തിന് പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമവും ക്രൂരമായ പീഡനവുമെന്ന് വെളിപ്പെടുത്തല്‍. മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥിനി സാവരിയയുടെ ശരീരത്തിലുടനീളം മൃഗീയമായ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് സഹപാഠിയായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയത്.
അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച പ്രതി സദറുള്‍ അനത്തിന്റെ ചെയ്തികള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, നീതിതേടി റീപോസ്റ്റ്മോര്‍ട്ടത്തിനും നിയമപോരാട്ടത്തിനും ഒരുങ്ങുകയാണ് പെണ്‍കുട്ടിയുടെ കുടുംബവും കേരള പൊലീസും.
സാവരിയയെ മതപരിവര്‍ത്തനത്തിന് സദറുള്‍ അനം നിരന്തരം പ്രേരിപ്പിച്ചിരുന്നതായും എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങിയിരുന്നില്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. പ്രതി കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചിരുന്നതായി മൃതദേഹത്തിലെ മുറിവുകള്‍ വ്യക്തമാക്കുന്നു. കാല്‍ മുതല്‍ തല വരെ ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും ചതവുകളുമുണ്ട്. ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്.
നാട്ടിലെത്തിച്ച മൃതദേഹത്തില്‍ സംശയാസ്പദമായ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് ബസന്ത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ റീപോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ സദറുള്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കൃത്യത്തിന് ശേഷം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണു പരിക്കേറ്റതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി ശ്രമിച്ചത്. എന്നാല്‍ സാവരിയയുടെ ഹോസ്റ്റലിലെ മറ്റ് സഹപാഠികള്‍ ബുഖാറ പൊലീസിന് നല്‍കിയ മൊഴിയില്‍ പ്രതി മുന്‍പും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി വ്യക്തമാക്കി. ഇതോടെയാണ് പ്രതി കുടുങ്ങിയത്.
ഇരയും പ്രതിയും ഇന്ത്യന്‍ പൗരന്മാരായതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര കരാര്‍ പ്രകാരം കേസിന്റെ വിചാരണ ഇന്ത്യയിലേക്ക് മാറ്റാന്‍ സാധ്യതയേറെയാണ്. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പ്രതി ഉസ്ബക്കിസ്ഥാന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.