കൊച്ചി: ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ചലച്ചിത്ര താരവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നാല് ദിവസം മുന്‍പാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം കുറഞ്ഞുവരുന്നതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മറ്റ് അസുഖങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.