തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് വീണ്ടും പുതുക്കി. പുതിയ അറിയിപ്പ് പ്രകാരം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. അതേസമയം നാളെ 10 ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.രിടുന്ന പ്രദേശങ്ങളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. 2018 ലെ മഹാ പ്രളയത്തിന് സമാനമായ രീതിയിലാണ് വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
രക്ഷാ പ്രവര്‍ത്തനത്തിനായി കൊല്ലത്തു നിന്ന് 10 മത്സ്യബന്ധന വള്ളങ്ങളും 40 തൊഴിലാളികളും പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. ആറന്മുളയില്‍ പല വീടുകളും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്.
കിടപ്പു രോഗികളെയും വയോധികരെയും അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും വീട് വിട്ടുപോരാന്‍ ചിലര്‍ കാണിക്കുന്ന വിമുഖത രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചെങ്ങന്നൂരില്‍ ഇതിനകംതന്നെ പത്തിലധികം ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം കാര്‍ഷിക മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന ഏത്തവാഴകള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ വെള്ളത്തിനടിയിലായി. റാന്നിയില്‍ വെള്ളം ഇറങ്ങുമ്പോള്‍ ആറന്മുള പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഡാമുകള്‍ തുറക്കാനുള്ള സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തോടു ചേര്‍ന്ന കണ്ണാടിക്കല്‍, പറമ്പില്‍ ബസാര്‍ മേഖലകളില്‍ പൂനൂര്‍പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി. ഇന്നലെ രാത്രി പത്ത് മണി വരെ വെള്ളപ്പൊക്കത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന പ്രദേശത്ത് വൈകുന്നേരത്തോടെ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുകയായിരുന്നു. വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചവരെ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാണക്കാട്ട് കുന്നിന്റെ ഒരു വശം പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. സമീപത്തെ സ്വകാര്യ കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങളാണ് മണ്ണിടിച്ചിലിന് കാരണമെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് കുന്നിന്‍ മുകളിലെ ഹോസ്റ്റലില്‍നിന്നു കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ, എടായിപ്പാലത്തും തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടായതോടെ പ്രദേശത്തെ ജനങ്ങളെ പോലീസ് ഇടപെട്ട് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കല്ലും മണ്ണും കുത്തിയൊലിച്ച് റോഡിലേക്ക് പതിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.