മദ്രാസ് ഹൈക്കോടതി ഇടപെട്ടു; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

മദ്രാസ് ഹൈക്കോടതി ഇടപെട്ടു; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍  ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശ കേസില്‍ അറസ്റ്റിലായ ഡിഎംകെ നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം ഉദയനിധി സ്റ്റാലിനെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഏകദേശം നാല് മണിക്കൂറോളം ഉദയനിധി പോലീസ് കസ്റ്റഡിയിലായിരുന്നു.

എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ പോലീസിന് ഉദ്ദേശ്യമില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തെ ചോദ്യംചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഉദ്ദേശ്യമുള്ളതെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.

തഞ്ചാവൂരില്‍ കാവേരി നദീജല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഉദയനിധി വിവാദ പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ പരാതികളെ തുടര്‍ന്ന് തഞ്ചാവൂര്‍ പോലീസ് കേസെടുക്കുകയും രാവിലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകുമെന്ന് കണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചെന്നൈയിലെ വസതിയില്‍ നിന്ന് ഇന്ന് രാവിലെയാണ് പോലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനും സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടം വരുത്തിയതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.