അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട: 1400 ഓളം ചെടികള്‍ നശിപ്പിച്ചു

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട: 1400 ഓളം ചെടികള്‍ നശിപ്പിച്ചു

അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ഇടവാണിയില്‍ പൊലീസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. അഞ്ച് മാസം പ്രായമെത്തിയ 1400 ഓളം കഞ്ചാവ് ചെടികളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി തീയിട്ട് നശിപ്പിച്ചത്. അഗളി സബ് ഡിവിഷനിലെ ഡാന്‍സാഫ്, ആന്റി നക്‌സല്‍ ഫോഴ്‌സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് വന മേഖലയില്‍ പരിശോധന നടത്തിയത്.

ഇടവാണിമലയുടെ കിഴക്കേ അടിവാരത്ത് 260 തടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. ലഹരി വസ്തുക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ പൊലീസ് മേധാവി അബ്ദുല്‍ റാഷിദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സംയുക്ത നീക്കം.

പുതൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സുനില്‍, ഡാന്‍സാഫ് എസ്.ഐ.എം സുഭാഷ്, എസ്.ഐ സുബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലഹരി വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചത്. സംഭവത്തില്‍ കൃഷി നടത്തിയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.