കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ ദേശീയ സമ്മേളനം ഓഗസ്റ്റ് 1, 2 തിയതികളില്‍ മുംബൈയില്‍ നടക്കും. 108 വര്‍ഷത്തെ ദീര്‍ഘകാല പാരമ്പര്യമുള്ള കത്തോലിക്കാ കോണ്‍ഗ്രസ് 'സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ മുഴുവന്‍ സീറോ മലബാര്‍ രൂപതകളില്‍ നിന്നുമുള്ള സഭാ-സമുദായ നേതാക്കളെയും പ്രതിനിധികളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് സമ്മേളനം നടത്തപ്പെടുന്നത്.
രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും, ന്യൂനപക്ഷ അവകാശ സംരക്ഷണം, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ക്രൈസ്തവ സമൂഹം നല്‍കുന്ന സംഭാവനകള്‍ എന്നിവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
കല്യാണ്‍ രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിനമായ ഓഗസ്റ്റ് ഒന്നിന് രാവിലെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.
കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി, ബിഷപ്പ് തോമസ് ഇലവനാല്‍, ബിഷപ്പ് ജോസഫ് അറുമാചാടത്ത്, ബിഷപ്പ് ജെയിംസ് പട്ടേരില്‍, ബിഷപ്പ് തോമസ് പാടിയത്ത് എന്നിവരും സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചര്‍ച്ചകള്‍ക്കും പ്ലീനറി സെഷനുകള്‍ക്കും നേതൃത്വം നല്‍കും.
ദേശീയ തലത്തില്‍ സഭയ്ക്കും സമുദായത്തിനും പുതിയ ദിശാബോധം നല്‍കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളായ ഫാ. ഫിലിപ്പ് കവിയില്‍, ഫാ. സിറിയക് കുമ്പാക്കാട്ട്, ഡോ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുന്നക്കുന്നേല്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, സജി വര്‍ക്കി, രാജീവ് തോമസ്, ജോസ് മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.